Monday, March 5, 2007

കിളി അഥവാ കിളി

അമ്മുകുട്ടിക്ക് ചെറുപ്പം മുതലേ കിളിയോട് വല്ലാത്ത ഭയവും ബഹുമാനവുമാണ്..കിളി., കളകൂജനങ്ങളോടെ പാറിപറക്കുന്ന.. മരച്ചില്ലകളില്‍ ഇരുന്ന് കൊക്കുരുമ്മി സല്ലപിക്കുന്ന ആ കിളി... ആ കിളിയല്ല ഈ കിളി... ഈ കിളി എന്നാല്‍ ആ കിളിയേക്കാള്‍ പോപ്പുലര്‍ ആയ മറ്റൊരു കിളി., നാട്ടില്‍ ഓടുന്ന സകലമാന ബസ്സുകളുടെയും അല്ലര്‍ ചില്ലറ ജീപ്പുകളുടെഉയും കവാടങ്ങളില്‍ തൂങ്ങി ജീവിതം ധന്യമക്കുന്ന ഈ കിളി... അതെ, കിളി എന്നു നമ്മള്‍ ചുരുക്കി വിളിക്കുന്ന സാക്ഷാല്‍ ക്ലീനര്‍...
.
ഇത്രയും ആളുകളെയും വഹിച്ചു പോകുന്ന ബസ്സിന്റെ ഒരു ചരടിന്റെ അറ്റതു കെട്ടിയ കേവലം ഒരു മണികൊണ്ട് നിയന്ത്രിക്കുന്ന കിളിയോട് അമ്മുകുട്ടിക്ക് ആരാധനയും, ബസ്സിന്റെ മുന്നില്‍ ഒരു മൂലയില്‍ ഒരു വളയവും പിടിച്ച് കസേരയില്‍ ചാരി ഇരുന്ന്‌ എതിരെ വരുന്ന വണ്ടികള്‍ക്ക് ഹോണടിച്ച് കൊടുക്കാനും ഇടക്കിടക്ക് അടുത്തു കാണുന്ന ആ വടിയില്‍ പിടിച്ചു വലിക്കാനും ഇരിക്കുന്ന ഡ്രൈവറോട് അമ്മുകുട്ടിക്കെ പുച്ഛവും തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം.. അല്ലെ.? "ഓഹ് പിന്നെ ഡ്രൈവറ്, ആ പാവം കിളിയില്ലേല്‍ ഡ്രൈവര്‍ എങ്ങനെ വണ്ടി നിര്‍ത്തുകേം ഓട്ടുകേം ചെയ്യും.? ചുമ്മാ ആ വളയം പിടിച്ചിരുന്നാല്‍ വണ്ടി ഓടുവോ, ഹല്ല പിന്നെ..."
.
കേച്ചേരിക്കും എരന്നെല്ലൂരിനും ഇടയിലാണ്‌ അമ്മുവിന്റെ വീട്.. ഒരിക്കല്‍ എരന്നല്ലൂരില്‍ എണ്ണയാട്ടാന്‍ പോയി വരുമ്പോ അമ്മുവിനൊരു പൂതി, ഇവിടുന്നു കേച്ചേരിക്ക് ബസ്സില്‍ പോയി അവിടുന്നു തിരിച്ചു നടന്നാല്‍ എന്താ..? രണ്ടും കല്‍പ്പിച്ച് അമ്മു ബസ്സില്‍ കേറി..
.
ബസ്സ് പുറപ്പെട്ടപ്പോഴാണ്‌ അമ്മു ഓര്‍ത്തത് 'എന്റെ പറപ്പൂകാവിലമ്മേ.., ഈ എണ്ണ പാത്രോം കൊപ്രച്ചാക്കും താങ്ങി ഞാന്‍ കേച്ചേരീന്ന് എന്റെ വീടുവരെ നടക്കണ്ടായോ'ഒന്നാലോചിച്ചപ്പോ അമ്മുവിന്റെ തലയില്‍ ഒരു ബുദ്ധിതോന്നി.. തന്റെ ആരാധനാ പാത്രമായ കിളിയോട് ഒന്നു പറഞ്ഞാലോ...
.
കയ്യില്‍ ഒരു ചാക്കുകെട്ടുമായി തന്റെ അടുത്തുവന്നു തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ഗ്രാമീണ സുന്ദരിയെ കണ്ടപ്പോള്‍ സുമുഖനും സുന്ദരനുമായ കിളിക്കു രോമാഞ്ചം. അവന്‍ ഒരു നിമിഷം അവളെയും കൊണ്ട് ഏതോ ഗാനരംഗത്തിന്റെ സെറ്റിലേക്കു പറന്നു...
.
"ചേട്ടാ, ആ ട്രാന്‍സ്ഫോര്‍മറിന്റെ പൊറകിലാ എന്റെ വീട്, അവിടെ എത്തുമ്പോ ഈ മണിയടിച്ച് ചേട്ടന്‍ വണ്ടി ഒന്നു നിര്‍ത്താവോ.?" സ്വപ്ന സഞ്ചാരത്തിനിടയില്‍ അമ്മുവിന്റെ കിളിമൊഴി അവന്‍ കേട്ടു...
.
"അയ്യോ അത് പറ്റില്ലാ., ഡ്രൈവറുകേട്ടാല്‍ എന്നെ ചീത്ത പറയും അയാളു നിര്‍ത്തത്തില്ലാ" പാവം കിളി, അവന്‍ നിസ്സഹായനാണ്..
.
"ഓഹ് ഒരു ഡ്രൈവര്‍, അയാളോട് പോകാന്‍ പറ ചേട്ടാ., ചേട്ടന്‍ അയാള്‌ കേള്‍ക്കാതെ ഒരു മണിയങ്ങ് അടിച്ചേക്കൂ.." കിളി ഫ്ലാറ്റ്, അവന്‌ പിന്നെ മണിയടിക്കാതെ വേറെ വഴി ഇല്ലാരുന്നു...
പാവം അമ്മുക്കുട്ടി...
പാവം കിളി...

7 comments:

സുഹാസ്സ് കേച്ചേരി said...

കയ്യില്‍ ഒരു ചാക്കുകെട്ടുമായി തന്റെ അടുത്തുവന്നു തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ഗ്രാമീണ സുന്ദരിയെ കണ്ടപ്പോള്‍ സുമുഖനും സുന്ദരനുമായ കിളിക്കു രോമാഞ്ചം. അവന്‍ ഒരു നിമിഷം അവളെയും കൊണ്ട് ഏതോ ഗാനരംഗത്തിന്റെ സെറ്റിലേക്കു പറന്നു...

സുല്‍ |Sul said...

ഹഹഹ
സുഹാസ്സെ. കലക്കി പൊളിച്ചീക്ക്‍ണു. സൂപ്പര്‍ഡാ സൂപ്പര്‍.

ഒരു തേങ്ങ്യയിവിടെ. “ഠേ............”

-സുല്‍

വിചാരം said...

സുഹാസെ... ഉഷാറായിട്ടുണ്ട്
വിവരണം വളരെ നന്നായി ട്ടോ

സുഹാസ്സ് കേച്ചേരി said...

സുല്ലേ.. തേങ്ങാചീളു കൊണ്ടെന്റെ മോണിട്ടറിന്റെ ഗ്ലാസ് ചിന്നിയോ എന്നൊരു സംശയം, തേങ്ങാപ്പൂളിനെ പറ്റി ഒരു പോസ്റ്റ് താഴെയുണ്ട്, വായിച്ചില്ലേ..?

sandoz said...

സുഹാസേ...കൊള്ളാം...ചിരിപ്പിചു.
ഇങ്ങനത്തെ കിളികള്‍.....പല എണ്ണച്ചാക്കും പല സ്ഥലത്തു നിന്നും കടത്തി മറ്റു സ്ഥലത്തു വിറ്റ കഥകള്‍ കേട്ടിട്ടില്ലേ.....

റോസാപ്പൂക്കള്‍ said...

നല്ല അമ്മുക്കുട്ടി..നല്ല കിളി...

Phayas AbdulRahman said...

അപ്പോ ഇതാണ്ടാ ബലാലെ അനക്കു കിളി പിടിത്തതിനുള്ള പ്രചോദനം..??